പഹൽഗാം ആക്രമണം മോദിക്ക് മുൻകൂട്ടി അറിയാമായിരുന്നു; ആഞ്ഞടിച്ച് ഖാർഗെ
Tuesday, May 6, 2025 3:01 PM IST
റാഞ്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് മോദി കാഷ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖാര്‍ഗെ ആരോപിച്ചു.
ജാര്‍ഖണ്ഡിലെ ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അവഗണിച്ചത് എന്തുകൊണ്ടാണ്?. ജമ്മു കാഷ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നതിന് എന്താണ് കാരണമെന്നും ഖാർഗെ ചോദിച്ചു.
വലിയ സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാമില്‍ സംഭവിച്ചത്. ഭീകരാക്രമണത്തിന് ശേഷം വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്നും ഖാര്‍ഗെ പറഞ്ഞു.
ഏപ്രിൽ 22-നാണ് പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് ഏപ്രില്‍ 19-ലെ കാഷ്മീര്‍ സന്ദര്‍ശനം മോദി മാറ്റിവച്ചെന്നാണ് ആരോപണം.
അതേസമയം പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് പ്രധാനമന്ത്രിയുടെ കാഷ്മീർ സന്ദർശനം മാറ്റിവച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.