സിബിഐ ഡയറക്ടറുടെ നിയമനം; കേന്ദ്രം നിർദേശിച്ച പേരുകൾ എതിർത്ത് രാഹുൽ ഗാന്ധി
Tuesday, May 6, 2025 3:18 AM IST
ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ നിർദേശിച്ച പേരുകൾ എതിർത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും പങ്കെടുത്ത യോഗത്തിൽ ഒറ്റ പേരിലേക്ക് എത്താനായില്ല.
ഇതേ തുടർന്ന് നിലവിലെ ഡയറക്ടറുടെ കാലാവധി സർക്കാർ നീട്ടി നൽകിയേക്കും. ഒരു വർഷത്തേക്ക് കൂടിയാണ് നിലവിലെ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി നീട്ടി നൽകുക. പ്രവീണ്‍ സൂദിന്റെ രണ്ട് വർഷത്തെ കാലാവധി 25ന് തീരാനിരിക്കെയാണ് സെലക്ഷൻ പാനൽ യോഗം ചേർന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്ന മൂന്നംഗ സെലക്ഷൻ പാനൽ ഏതാനും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ ചർച്ച ചെയ്തു. പക്ഷേ ആരുടെയും കാര്യത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല.
തുടർന്ന് സൂദിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ അംഗങ്ങൾ സമ്മതിച്ചു. വൈകാതെ ഗസറ്റ് നോട്ടിഫിക്കേഷനായി ഇക്കാര്യം അറിയിക്കും.