കൊല്ലത്ത് അനധികൃത വില്പനയ്ക്ക് സൂക്ഷിച്ച 140 കുപ്പി വിദേശ മദ്യം പിടികൂടി
Monday, May 5, 2025 8:17 PM IST
കൊല്ലം: പട്ടാഴിയിൽ ഡ്രൈ ഡേയ്ക്കടക്കം അനധികൃതമായി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 140 കുപ്പി വിദേശ മദ്യം പിടികൂടി. സംഭവത്തിൽ പട്ടാഴി കോലുമുക്ക് സ്വദേശി ഭദ്രൻ പിള്ളയെ അറസ്റ്റ് ചെയ്തു. പത്തനാപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
വീട്ടിലെ പട്ടിക്കൂട്ടിലാണ് മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. മദ്യം സൂക്ഷിച്ച കൂട്ടിന് പുറത്ത് നായയെ കെട്ടിയിട്ടിരുന്നു. ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി മദ്യം സൂക്ഷിച്ചിരുന്നത്.
ഇയാൾ അനധികൃത മദ്യവില്പന നടത്തുന്നുണ്ടെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് പട്ടിക്കൂട്ടിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
മദ്യക്കുപ്പികള്‍ ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാനും കണ്ടെത്താതിരിക്കാനും വേണ്ടിയാണ് ഇയാള്‍ പട്ടിക്കൂട്ടിൽ ഒളിപ്പിച്ചത്. എക്സൈസ് സംഘമെത്തിയപ്പോള്‍ വീട്ടിലെ നായ നിര്‍ത്താതെ കുരച്ചിരുന്നു. തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്.