വഖഫ് ഹർജികൾ പുതിയ ബെഞ്ചിലേക്ക്
Monday, May 5, 2025 2:41 PM IST
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തു സമർപ്പിച്ചിരിക്കുന്ന ഒരുകൂട്ടം ഹർജികൾ പുതിയ ബെഞ്ചിലേക്ക്. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന മേയ് 14ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് ഹർജി പുതിയ ബെഞ്ചിലേക്ക് മാറ്റുന്നത്. വഖഫ് ഹർജികളിൽ താൻ വാദം കേൾക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് ഇന്ന് കക്ഷികളെ അറിയിക്കുകയായിരുന്നു.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് സഞ്ജയ് കുമാർ, ജസ്റ്റീസ് കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. താൻ വിരമിക്കുന്ന സാഹചര്യത്തിൽ വഖഫ് ഹർജികളിൽ വാദം കേട്ട് ഒരു വിധി പ്രസ്താവിക്കുന്നത് ഉചിതമായിരിക്കില്ലെന്നാണ് ചീഫ് ജസ്റ്റീസ് പറയുന്നത്.
വഖഫ് വിശദമായി വാദം കേൾക്കേണ്ട കേസാണ്. കേസിൽ വാദം കേട്ടശേഷം ഉത്തരവ് പറയാൻ മാറ്റിവച്ചുകൊണ്ട് താൻ സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. ഏറ്റവും നല്ലത്ത് അടുത്ത ചീഫ് ജസ്റ്റീസ് ആകുന്ന ജസ്റ്റീസ് ബി.ആർ. ഗവായിയുടെ ബെഞ്ചിന് വിടുന്നതായിരിക്കും നല്ലതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി നിർദേശം കക്ഷികളും അംഗീകരിച്ചു.