സിആർപിഎഫിനെ അറിയിച്ച ശേഷമാണ് പാക് യുവതിയെ വിവാഹം കഴിച്ചത്; പുറത്താക്കപ്പെട്ട ജവാൻ
Sunday, May 4, 2025 5:48 PM IST
ന്യൂഡൽഹി: സിആർപിഎഫിനെ അറിയിച്ച ശേഷമാണ് പാക്കിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചതെന്ന് സേനയിൽനിന്ന് പുറത്താക്കപ്പെട്ട ജവാൻ. രേഖകളെല്ലാം കിട്ടിയിരുന്നുവെന്ന് സിആർപിഎഫിന്റെ മറുപടി ലഭിച്ചിരുന്നതായും ജവാൻ പറഞ്ഞു.
വിവാഹ ശേഷവും വിവരം അറിയിച്ചിരുന്നുവെന്നും മുനിർ അഹമ്മദ് പറഞ്ഞു. പാക്ക് യുവതിയെ വിവാഹം ചെയ്തതു മറച്ചുവച്ചതിനാണ് സിആർപിഎഫ് ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. സിആർപിഎഫ് 41-ാം ബറ്റാലിയനിൽ സേവനമനുഷ്ഠിച്ചിരുന്ന മുനിർ അഹമ്മദിനെതിരേയാണ് നടപടി.
യാതൊരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ലാത്ത വകുപ്പുകൾ അനുസരിച്ചാണ് നടപടിയെന്ന് സിആർപിഎഫ് വക്താവും ഡിഐജിയുമായ എം. ദിനകരൻ അറിയിച്ചു. കഴിഞ്ഞവർഷം മേയ് 24നാണ് പാക് യുവതി മിനാൽ ഖാനുമായുള്ള മുനിർ അഹമ്മദിന്റെ വിവാഹം നടന്നത്.
തുടർന്ന് ഇവർ ഇന്ത്യയിലെത്തുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്ക് പൗരന്മാരെ ഇന്ത്യയിൽ നിന്ന് തിരിച്ചയച്ചുതുടങ്ങിയതോടെയാണ് വിവാഹവാർത്ത പരസ്യമായത്.