ആന്റോ ആന്റണി കെപിസിസി പ്രസിഡന്റായേക്കും; ഒളിയമ്പുമായി കെ.മുരളീധരൻ
Saturday, May 3, 2025 7:11 PM IST
തിരുവനന്തപുരം: ആന്റോ ആന്റണി എംപി കെപിസിസി പ്രസിഡന്റാകുമെന്ന സൂചന പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി കെ.മുരളീധരൻ. കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ മനസിലാവുന്ന ആളായിരിക്കണം കെപിസിസി പ്രസിഡന്റ് ആകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കെ.സുധാകരൻ ഒഴിയേണ്ട സാഹചര്യം നിലവിലില്ല. അങ്ങനെ ഒരഭിപ്രായം കേരളത്തിലെ കോൺഗ്രസിനില്ല. താൻ കെപിസിസി പ്രസിഡന്റാകാനില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം.
ഡൽഹിയിൽ മല്ലികാര്‍ജുൻ ഖാര്‍ഗയേയും രാഹുല്‍ഗാന്ധിയേയും കെ.സുധാകരന് കണ്ടതിന് പിന്നാലെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. അതേസമയം സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അധ്യക്ഷക്ഷന്‍മാര്‍ ഉള്‍പ്പെടെ 11 പേരെ ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും.