കോഴിക്കോട് മെഡിക്കൽ കോളജിലെ അപകടം; മൂന്ന് പേർ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് റിപ്പോർട്ട്
Saturday, May 3, 2025 6:19 PM IST
കോഴിക്കോട്: മെഡിക്കൽ കോളജിൽ മൂന്ന് പേർ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വടകര, കൊയിലാണ്ടി, മേപ്പയ്യൂർ സ്വദേശികളുടെ മരണം സംബന്ധിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.
വെള്ളിയാഴ്ച രാത്രി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനോട് ചേർന്ന യുപിഎസ് റൂമിൽ നിന്ന് പുക ഉയർന്നിരുന്നു. ഈ പുക ശ്വസിച്ചാണ് രോഗികൾ മരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
മെഡിക്കല്‍ കോളജിലെ അപകടത്തില്‍ പിഡബ്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടോ ബാറ്ററിയുടെ പ്രശ്നങ്ങളോ ആകാം അപകടകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2026 ഒക്ടോബര്‍ വരെ വാറണ്ടി ഉള്ള എംആര്‍ഐ യുപിഎസ് യൂണിറ്റാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്ങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
151 രോഗികളാണ് അപകടസമയം ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 114 പേര് മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സയില്‍ തുടരുകയാണ്. 37 പേരാണ് മറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 12 പേര് ജനറല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.