പഹല്‍ഗാം ഭീകരന് വിമാനത്തിലുണ്ടെന്ന് സംശയം; ചെന്നൈ - കൊളംബോ വിമാനത്തിൽ പരിശോധന
Saturday, May 3, 2025 5:19 PM IST
ചെന്നൈ: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരൻ ശ്രീലങ്കയിലേക്ക് കടക്കുന്നുവെന്ന സൂചനയെ തുടർന്ന് ചെന്നൈ - കൊളംബോ വിമാനത്തിൽ പരിശോധന നടത്തി. ശ്രീലങ്കൻ എയർലൈൻസ് വിമാനം കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെയായിരുന്നു പരിശോധന.
ചെന്നൈ ഏരിയാ കൺട്രോൾ സെന്ററിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന. ശ്രീലങ്കൻ പോലീസും ശ്രീലങ്കൻ വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12നു തുടങ്ങിയ പരിശോധന മണിക്കൂറുകളോളം നീണ്ടു.
ഇതു സംബന്ധിച്ച് ശ്രീലങ്കൻ എയർലൈൻസ് വാർത്താക്കുറിപ്പ് പുറത്തുവിട്ടു. ഇന്ത്യയിൽ അന്വേഷണം നേരിടുന്ന പ്രതിക്ക് വേണ്ടിയാണ് വിമാനത്തിൽ പരിശോധന നടത്തിയതെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.