കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകൻ പോയി ഡോക്ടറെ കാണട്ടെ: രാജീവ് ചന്ദ്രശേഖർ
Saturday, May 3, 2025 12:27 PM IST
തിരുവനന്തപുരം: വിഴിഞ്ഞം കമ്മീഷനിംഗ് വേദിയിലെ വിമർശനത്തിൽ മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരിപാടിക്ക് താന്‍ നേരത്തേ എത്തിയതില്‍ ചിലര്‍ക്ക് വിഷമമുണ്ട്. നേരത്തേ എത്തിയ പ്രവര്‍ത്തകരെ കാണാനാണ് താൻ വന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ വിളിച്ചപ്പോഴാണ് താനും വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ചത്. കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് അതില്‍ സങ്കടം തോന്നും. ആ സങ്കടത്തിന്റെ കാരണമറിയാന്‍ റിയാസ് ഡോക്ടറെ കാണട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎംകാര്‍ക്ക് ഇനി ഉറക്കം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞല്ലോ. അതുകൊണ്ടാണ് അവർ ട്രോളുണ്ടാക്കുന്നത്. തന്നെ എത്ര വേണമെങ്കിലും ട്രോളാം.
ബിജെപിയുടെ ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. വികസിത കേരളമാണ് തങ്ങളുടെ ലക്ഷ്യം. മരുമകന് വേണമെങ്കിലും ഈ ട്രെയിനില്‍ കയറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുറമുഖ ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖര്‍ കയറിയിരിക്കുന്നത് അല്പത്തരമെന്ന് മന്ത്രി റിയാസ് വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാന ധനമന്ത്രി ഉള്‍പ്പടെ താഴെ ഇരിക്കുമ്പോഴാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് മണിക്കൂറുകള്‍ക്ക് മുമ്പ് എത്തി വേദിയില്‍ ഇരിക്കുന്നത്.
വേദിയില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. വിളമ്പുന്നവന് നാണം ഇല്ലെങ്കിലും കഴിക്കുന്നവന് നാണം വേണമെന്നും റിയാസ് വിമർശിച്ചിരുന്നു.