ബ്രാൻഡഡ് മരുന്നുകൾക്ക് പകരം ജനറിക് മരുന്നുകൾ നിർദേശിച്ചാൽ നന്നായേനെ: സുപ്രീംകോടതി
Saturday, May 3, 2025 7:07 AM IST
ന്യൂഡൽഹി: ജനറിക് മരുന്നുകൾ നിർദേശിക്കുന്നതിന് നിയമപരമായ ഒരു ഉത്തരവ് ഉണ്ടെങ്കിൽ, കൈക്കൂലി നൽകി ഉയർന്ന വിലയുള്ള ബ്രാൻഡഡ് മരുന്നുകൾ ഡോക്ടർമാരെക്കൊണ്ട് പ്രിസ്ക്രൈബ് ചെയ്യിപ്പിക്കുന്ന തരത്തിലുള്ള മരുന്ന് കന്പനികളുടെ കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ സാധിച്ചേക്കുമെന്ന് പരാമർശിച്ച് സുപ്രീംകോടതി.
ഉയർന്ന വിലയുള്ള മരുന്നുകൾ നിർദേശിക്കാൻ മരുന്നുകന്പനികൾ ഡോക്ടർമാർക്ക് കൈക്കൂലി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ പരാമർശം.
നിലവിൽ രാജസ്ഥാനത്തിൽ ഇത്തരമൊരു നിർദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് രാജ്യവ്യാപകമായി നടപ്പാക്കിയാൽ ഉചിതമാണെന്നും പരാമർശിച്ചു. ഇക്കാര്യം പരിശോധിക്കാനും നിർദേശം നൽകി.
എന്നാൽ ജനറിക് മരുന്നുകൾ മാത്രം പ്രിസ്ക്രൈബ് ചെയ്യാവു എന്ന് ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിന്റെ നിർദേശം നിലവിലുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിന് ജൂലൈ 24 ലേയ്ക്ക് കേസ് മാറ്റി.