സൺറൈസേഴ്സിനെ തകർത്തു; ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്ത്
Friday, May 2, 2025 11:41 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് മിന്നും ജയം. 38 റൺസിനാണ് ഗുജറാത്ത് വിജയിച്ചത്. വിജയത്തോടെ ഗുജറാത്ത് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.
ഗുജറാത്ത് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുക്കാനെ സാധിച്ചുള്ളു. 74 റൺസെടുത്ത അഭിഷേക് ശർമ പൊരുതിയെങ്കിലും മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല. ഹെൻറിച്ച് ക്ലാസൺ 23 റൺസും നിതീഷ് കുമാർ റെഡ്ഡി 21 റൺസും എടുത്തു.
ഗുജറാത്തിന് വേണ്ടി മുഹമ്മദ് സിറാജും പ്രസിദ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശർമയും ജെറാൾഡ് കോട്ട്സെയും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 224 റൺസെടുത്തത്. നായകൻ ശുഭ്മാൻ ഗില്ലിന്റെയും ജോസ് ബട്ട്ലറുടെയും സായ് സുദർശന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
76 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ്സ്കോറർ. പത്ത് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്.
ജോസ് ബട്ട്ലർ 64 റൺസാണ് എടുത്തത്. സായ് സുദർശൻ 48 റൺസ് സ്കോർ ചെയ്തു. സൺറൈസേഴ്സിന് വേണ്ടി ജയ്ദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസും സീഷാൻ അൻസാരിയും ഓരോ വിക്കറ്റ് വീതം എടുത്തു. മത്സരത്തിലെ പരാജയത്തോടെ സൺറൈസേഴ്സിന്റെ പ്ലേഓഫ് സാധ്യതകൾ മങ്ങി.