സർക്കാരിന്റെ വാർഷികാഘോഷത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്: മുഖ്യമന്ത്രി
Wednesday, April 30, 2025 6:29 PM IST
തിരുവനന്തപുരം: സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ ജനപങ്കാളിത്തമാണ് ആഘോഷം നടക്കുന്നയിടത്തെല്ലാം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ വാർഷികാഘോഷവും അതോടൊപ്പമുള്ള പ്രദർശനമേളകളും ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു എന്നതിന് തെളിവാണ് വൻ ജനപങ്കാളിത്തം. ഒരു കൂട്ടർ വാർഷികാഘോഷങ്ങൾ ബഹിഷ്ക്കരിക്കുന്ന സമയത്താണ് ജനങ്ങൾ പരിപാടി ഏറ്റെടുത്തതെന്നും പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത മേഖലകളിലും വികസനം കൊണ്ടുവരുന്നതും ക്ഷേമപ്രവർത്തനങ്ങൾ അതോടൊപ്പം നടത്തുന്നതുമാണ് ജനങ്ങളുടെ പിന്തുണ ലഭിക്കാൻ കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭുഷ്പ്രചരങ്ങളിലൂടെ സർക്കാരിനെ ഇല്ലായ്മ ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെയെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് വാർഷികാഘോഷങ്ങളിലെ വൻ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.