വിശാഖപട്ടണത്ത് ക്ഷേത്ര മതിൽക്കെട്ട് തകർന്നുവീണ് അപകടം; മരണം എട്ടായി
Wednesday, April 30, 2025 5:51 PM IST
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ക്ഷേത്ര മതിൽക്കെട്ട് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. പരിക്കേറ്റ ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ എട്ടായത്.
നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരെല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ വിശാഖപട്ടണം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം.
കനത്ത മഴയിൽ കുതിർന്ന ക്ഷേത്രമതിൽ നിലംപൊത്തുകയായിരുന്നു. ക്ഷേത്രത്തിലെ ചന്ദനോത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘമെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.