പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്രം
Wednesday, April 30, 2025 4:35 PM IST
ന്യൂഡൽഹി: അടുത്ത പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്സ് (സിസിപിഎ) യോഗത്തിലാണ് തീരുമാനം എടുത്തത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
2011 ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021 ൽ നടത്തേണ്ട സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല. അതേസമയം സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സംസ്ഥാനങ്ങളിലെ ജാതി സെൻസസ് സാമൂഹ്യ സ്പർധയ്ക്ക് ഇടയാക്കിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. കർണാടകത്തിലടക്കം ജാതി സെൻസസ് വലിയ വിവാദമായിരിക്കെയാണ് കേന്ദ്രം സർക്കാരിന്റെ നീക്കം.