മംഗളൂരു ആൾക്കൂട്ട കൊലപാതകം: കുറ്റക്കാരെ വെറുതെവിടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
Wednesday, April 30, 2025 3:01 PM IST
മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മലപ്പുറം സ്വദേശി അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്വേഷണം നടക്കുകയാണെന്നും തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ഇതുവരെ 15 പേരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം പൂർത്തിയാകട്ടെ. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
രണ്ട് ദിവസം മുൻപാണ് കർണാടകയിലെ മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ മലപ്പുറം സ്വദേശി അഷ്റഫിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾക്കൂട്ട ആക്രമണമാണ് കൊലപാതത്തിൽ കലാശിച്ചതെന്ന് സ്ഥിരീകരിച്ചത്.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം അഷ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു.
കുടുപ്പു സ്വദേശി ടി.സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോൾ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
അതേസമയം മരിച്ച അഷ്റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം അറിയിച്ചു.