മംഗളൂരു ആള്‍ക്കൂട്ടക്കൊല; യുവാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
Wednesday, April 30, 2025 10:56 AM IST
മലപ്പുറം: മംഗളൂരുവിൽ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്റഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.മലപ്പുറം പറപ്പൂരെ ഇവരുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്.
ആറ് വര്‍ഷം മുമ്പ് അഷ്റഫിന്റെ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ വയനാട്ടിലേക്ക് താമസം മാറിയിരുന്നു. മലപ്പുറം ചോലക്കുണ്ട് ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം അഷ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു.
കുടുപ്പു സ്വദേശി ടി.സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോൾ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
അതേസമയം മരിച്ച അഷ്റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം അറിയിച്ചു.