പഹല്‍ഗാം ഭീകരാക്രമണം; ഇന്ന് മന്ത്രിസഭായോഗം ചേരും
Wednesday, April 30, 2025 7:53 AM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും. രാവിലെ 11നാണ് യോഗം ചേരുക.
സുരക്ഷാ കാര്യങ്ങള്‍ യോഗം വിലയിരുത്തും. ഭീകരര്‍ക്ക് തിരിച്ചടി നല്‍കുന്നത് സംബന്ധിച്ച നീക്കങ്ങളും ചർച്ച ചെയ്യും. പാക്കിസ്ഥാനെതിരേ കൂടുതല്‍ നീക്കങ്ങള്‍ വേണോയെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമെടുക്കും.
പാക്കിസ്ഥാന് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അനുമതി നിഷേധിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യ വഴി പറക്കാനുള്ള അനുമതി നിഷേധിക്കും. ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ അടുക്കുന്നതും തടഞ്ഞേക്കുമെന്നാണ് വിവരം.
ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് മന്ത്രിസഭായോഗം ചേരുന്നത്. നയതന്ത്ര തലത്തില്‍ പാക്കിസ്ഥാനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആദ്യം വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.