തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും
Wednesday, April 30, 2025 6:43 AM IST
തൃശൂർ: ഇനി തൃശൂരിന് പൂരാവേശം. തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. മുഖ്യപങ്കാളികളായ പാറമേക്കാവ്–തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്നു കൊടിയേറ്റം നടക്കും.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നു 11.30നും മധ്യേയാണു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ ചേർന്ന് ഉയർത്തുന്നതാണു ചടങ്ങ്. കൊടിയേറ്റശേഷം ഉച്ചയ്ക്കു മൂന്നിനുള്ള പൂരം പുറപ്പാടിനു തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും.
3.30നു ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാകകൾ ഉയരും. തുടർന്നു പൂരം പുറപ്പാട് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക്. അവിടെ മേളം കലാശിച്ച ശേഷം നടുവിൽ മഠത്തിൽ ആറാട്ടും ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്തും നടത്തും.
പാറമേക്കാവ് ക്ഷേത്രത്തിൽ 12.30നാണു കൊടിയേറ്റ്. വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തും. പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റും. തുടർന്ന് അഞ്ച് ആനകളുടെയും കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ്.
ശേഷം വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണി തീർഥക്കുളത്തിൽ ആറാട്ടും നടത്തും. മേയ് ആറിനാണ് തൃശൂർ പൂരം.