യുവേഫ ചാമ്പ്യൻസ് ലീഗ്: ആദ്യ പാദ സെമിയിൽ പിഎസ്ജിക്ക് ജയം
Wednesday, April 30, 2025 3:50 AM IST
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിനെതിരായ സെമിഫൈനലിന്റെ ആദ്യപാദത്തിൽ പിഎസ്ജിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി വിജയിച്ചത്.
ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരം തുടക്കം മുതൽ ആവേശഭരിതമായിരുന്നു. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്.
നാലാം മിനിറ്റിൽ തന്നെ പിഎസ്ജി മുന്നിലെത്തി. ഫ്രഞ്ച് താരം ഒസ്മാൻ ഡെമ്പലെയാണ് പിഎസ്ജിയെ മുന്നിലെത്തിച്ചത്. ഗോൾ തിരിച്ചടിക്കാൻ ആഴ്സണൽ ശ്രമിച്ചെങ്കിലും നടന്നില്ല. ലീഡുയർത്താനുള്ള പിഎസ്ജിയുടെ ശ്രമങ്ങളും ഫലം കണ്ടില്ല.
ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പിഎസ്ജി മറുപടിയില്ലാത്ത ഒരു ഗോളിന് മത്സരം സ്വന്തമാക്കി. മേയ് ഏഴിനാണ് രണ്ടാം പാദ സെമി.