കാനഡ തെരഞ്ഞെടുപ്പ്; ഖലിസ്ഥാൻ നേതാവ് ജഗ്മീത് സിംഗ് പരാജയപ്പെട്ടു
Tuesday, April 29, 2025 11:26 AM IST
ഒട്ടാവ: കാനേഡിയൻ തെരഞ്ഞെടുപ്പിൽ ഖാലിസ്ഥാൻ അനുകൂല നേതാവായി അറിയപ്പെടുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) മേധാവി ജഗ്മീത് സിംഗ് പരാജയപ്പെട്ടു. മൂന്നാം തവണയും വിജയം ലക്ഷ്യമിട്ടിരുന്ന ജഗ്മീത് സിംഗ്, ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർഥിയായ വേഡ് ചാംഗിനോടാണ് പരാജയപ്പെട്ടത്.
ജഗ്മീത് സിംഗിന് ഏകദേശം 27 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ ചാംഗ് 40 ശതമാനത്തിലധികം വോട്ടുകൾ നേടി. വോട്ടു ശതമാനത്തിൽ ജഗ്മീത് സിംഗിന്റെ പാർട്ടിക്കും വലിയ ഇടിവ് നേരിട്ടിട്ടുണ്ട്.
എൻഡിപിക്ക് ദേശീയ പദവി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ദേശീയ പദവി നിലനിർത്താൻ പാർട്ടികൾ കുറഞ്ഞത് 12 സീറ്റുകളെങ്കിലും നേടേണ്ടതുണ്ട്.
അതേസമയം, കാനഡയുടെ അടുത്ത സർക്കാർ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറലുകൾ രൂപീകരിക്കുമെന്ന് പബ്ലിക് ബ്രോഡ്കാസ്റ്ററായ സിബിസിയും മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, അവർക്ക് പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സീറ്റുകൾ എന്ന് അറിയപ്പെടുന്ന 164 ഇലക്ടറൽ ഡിസ്ട്രിക്റ്റുകളിൽ ലിബറലുകൾ മുന്നിലാണ്. തൊട്ടുപിന്നാലെ 147 സീറ്റുകളുമായി കൺസർവേറ്റീവുകളുമുണ്ട്. വോട്ടെണ്ണൽ ഇപ്പോഴും അവസാനിച്ചിട്ടില്ല.
തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ലിബറലുകൾക്ക് ആരുടെയും പിന്തുണയില്ലാതെ ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് ഹൗസ് ഓഫ് കോമൺസിന്റെ 172 സീറ്റുകൾ നേടേണ്ടതുണ്ട്.