ഇന്ത്യയുടെ ആക്രമണം ആസന്നം: നിലനില്പിന് ഭീഷണിയെങ്കിൽ മാത്രം ആണവായുധം ഉപയോഗിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി
Tuesday, April 29, 2025 11:18 AM IST
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സൈനിക ആക്രമണം ആസന്നമാണെന്നു പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. ഈ സാഹചര്യത്തിൽ ചില തന്ത്രപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ഞങ്ങളുടെ സേനയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ആസിഫ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
നിലനിൽപ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കിൽ മാത്രമേ ആണവായുധ ശേഖരം ഉപയോഗിക്കൂ. ഇന്ത്യൻ ആക്രമണത്തിനുള്ള സാധ്യതയെക്കുറിച്ച് പാക്കിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രതിരോധ മന്ത്രി, ഈ വിലയിരുത്തലിലേക്ക് നയിച്ച രഹസ്യാന്വേഷണ വിവരങ്ങളോ സംഭവവികാസങ്ങളോ എന്താണെന്നു വ്യക്തമാക്കിയില്ല.