പഞ്ചാബിൽ പാക് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളയാൾ പിസ്റ്റളുമായി പിടിയിൽ
Tuesday, April 29, 2025 11:07 AM IST
അമൃത്സർ: പഞ്ചാബിൽ പാക് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളയാളെ അഞ്ച് പിസ്റ്റളുമായി അറസ്റ്റ് ചെയ്തു. ജോധ്ബീർ സിംഗ് എന്നയാളെ അമൃത്സറിലെ പഞ്ചാബ് പോലീസിന്റെ കൗണ്ടർ-ഇന്റലിജൻസ് യൂണിറ്റാണ് പിടികൂടിയത്. തരൺ തരൺ ജില്ലയിലെ നൗഷേര സ്വദേശിയാണ് ഇയാൾ.
പ്രത്യേക രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയതെന്ന് പഞ്ചാബ് ഡിജിപി പറഞ്ഞു. ഇന്ത്യയിലേക്ക് അനധികൃത ആയുധങ്ങൾ എത്തിക്കുന്നതിന് പാക്കിസ്ഥാനിലുള്ള മയക്കുമരുന്ന് കള്ളക്കടത്തുകാരനുമായി ജോധ്ബീർ സിംഗ് ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് അമൃത്സറിലെ സ്റ്റേറ്റ് സ്പെഷൽ ഓപ്പറേഷൻ സെല്ലിൽ (എസ്എസ്ഒസി) എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായ ആളുടെ കൂട്ടാളികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പഞ്ചാബ് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.