പേവിഷ വാക്സിൻ എടുത്തിട്ടും അഞ്ചുവയസുകാരി മരിച്ച സംഭവം: ആരോഗ്യവകുപ്പ് അന്വേഷിക്കും
Tuesday, April 29, 2025 10:30 AM IST
കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റു മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തും. വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസാണു മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുലര്‍ച്ചെ രണ്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്കു പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.
മാർച്ച് 29നാണ് സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ റാഹിസിനും പരിക്കേറ്റു. മറ്റു അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു. മൂന്നു മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത പനി അനുഭവപ്പെട്ടതിനെത്തുടർന്നാണ് വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചത്. പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
തലയ്ക്കു കടിയേറ്റതാണ് പ്രതിരോധ വാക്സിൻ ഫലിക്കാതിരിക്കാൻ കാരണമെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. ഐഡിആർവി വാക്സിനും ഇമ്യൂണോ ഗ്ലോബിനും കുട്ടിക്ക് നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. കുട്ടിക്ക് വീണ്ടും പേ വിഷബാധ സ്ഥിരീകരിച്ചതോടെ കടിയേറ്റ മറ്റുള്ളവരും ആശങ്കയിലാണ്. നായയുടെ കടിയേറ്റ മറ്റുള്ളവരുടെ രക്തസാമ്പിളുകൾ കൂടി ശേഖരിച്ച് ആശങ്ക ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുഖത്തും കണ്ണിലും കടിയേറ്റാല്‍ രോഗാണു എത്രയും വേഗം തലച്ചോറില്‍ എത്താനുള്ള സാധ്യത കൂടുതലാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം അധികൃതര്‍ അറിയിച്ചു. കുത്തിവയ്പ് എടുത്താന്‍ ശരീരം പ്രതിരോധമാര്‍ജിക്കാന്‍ ഒരാഴ്ചവരെ സമയമെടുക്കും. അപൂര്‍വമായി അതിന് മുന്‍പ് ചിലരില്‍ രോഗാണു തലച്ചോറില്‍ എത്തിയെന്നുവരാമെന്നും അധികൃതര്‍ പറയുന്നു.