പഹൽഗാം ആക്രമണം; ജമ്മുകാഷ്മീരിലെ നിരവധി റിസോർട്ടുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചുപൂട്ടി
Tuesday, April 29, 2025 10:13 AM IST
ശ്രീനഗർ: പഹൽഗാം ആക്രമണത്തിന് പിന്നാലെ ജമ്മുകാഷ്മീരിലെ നിരവധി റിസോർട്ടുകളും പകുതിയിലധികം വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ച് സർക്കാർ.
കേന്ദ്രഭരണ പ്രദേശത്ത് കുറഞ്ഞത് 48 റിസോർട്ടുകളെങ്കിലും അടച്ചുപൂട്ടിയതായാണ് റിപ്പോർട്ട്. ദൂത്പത്രി, വെരിനാഗ് തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.
തദ്ദേശവാസികളുടെ പ്രധാന വരുമാന സ്രോതസായ കാഷ്മീർ ടൂറിസത്തെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കെയാണ് ഈ തീരുമാനം. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വിനോദസഞ്ചാരികൾ സ്ഥലത്ത് നിന്നും മടങ്ങിയിരുന്നു.
കൂടാതെ, ഇവിടേയ്ക്ക് വരാനിരുന്ന നിരവധിയാളുകൾ യാത്ര റദ്ദാക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഒരാഴ്ച മുമ്പ്, പഹൽഗാം പട്ടണം വിനോദസഞ്ചാരികളാൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വിനോദസഞ്ചാരത്തിലെ ഇടിവ് തങ്ങളുടെ വരുമാന സ്രോതസിനെയും ഉപജീവനമാർഗത്തെയും ബാധിക്കുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നു.