സംഘർഷം ആഗ്രഹിക്കുന്നില്ല; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് തുര്‍ക്കി
Tuesday, April 29, 2025 9:46 AM IST
അങ്കാറ: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് തുര്‍ക്കി. മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് രജബ് തയ്യിബ് എര്ദോഗന് വ്യക്തമാക്കി.
പാക്കിസ്ഥാന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന ആരോപണവും എര്ദോഗന് നിഷേധിച്ചു. കൂടുതല്‍ ഗുരുതരമായ ഒരു സാഹചര്യത്തിലേക്ക് പരിണമിക്കുന്നതിന് മുമ്പ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ശമിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് തുര്‍ക്കി വ്യക്തമാക്കുന്നത്.
അങ്കാരയില്‍ ക്യാബിനറ്റ് മീറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു എര്ദോഗന്. തങ്ങളുടെ മേഖലയിലും അതിനപ്പുറത്തും പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്ന് തുര്‍ക്കി ഊന്നിപ്പറയുന്നു.
അതേസമയം, എര്‍ദോഗനും അദ്ദേഹത്തിന്റെ സര്‍ക്കാരും പാക്കിസ്ഥാന് പിന്തുണ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുര്‍ക്കി വ്യോമസേനയുടെ ഏഴ് സി 130 ഹെര്‍ക്കുലീസ് വിമാനങ്ങള്‍ പാക്കിസ്ഥാന് വിട്ടുകൊടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഏഴ് വിമാനങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ഇതില്‍ ആറ് വിമാനങ്ങള്‍ കറാച്ചിയിലും ഒരു വിമാനം ഇസ്ലാമാബാദിലുമാണ് വിന്യസിച്ചിട്ടുള്ളതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതാണിപ്പോള്‍ എര്ദോഗന് തള്ളിയത്.