വേടന് പുലിപ്പല്ല് സമ്മാനിച്ചത് മലേഷ്യൻ പ്രവാസി രഞ്ജിത് കുമ്പിടി
Tuesday, April 29, 2025 6:45 AM IST
കൊച്ചി: റാപ്പർ വേടന് പുലിപ്പല്ല് സമ്മാനിച്ചയാളെ തേടി വനംവകുപ്പ്. മലേഷ്യൻ പ്രവാസിയായ രഞ്ജിത് കുമ്പിടി എന്നയാളാണ് പുലിപ്പല്ല് വേടന് സമ്മാനമായി നൽകിയത്. ചെന്നൈയിൽ വച്ചാണ് ഇയാൾ പുലിപ്പല്ല് കൈമാറിയതെന്ന് വേടൻ വനംവകുപ്പിന് മൊഴി നൽകി.
ചോദ്യം ചെയ്യലിനോട് വേടൻ പൂർണമായും സഹകരിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് അറിയിച്ചത്. മൃഗവേട്ട ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ വേടനെതിരെ ചുമത്തും. വേടനെ ഇന്ന് ഉച്ചയ്ക്ക് പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കും.
തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് വേടന്റെ മാലയിൽ പുലിപ്പല്ല് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ഒറിജിനലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ആറുഗ്രാം കഞ്ചാവ് എറണാകുളം ഹില്‍ പാലസ് പോലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത വേടന് കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുലിയുടെ പല്ല് കൂടി വേടനില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്.