തൃശൂരിൽ 3,84,436 പാക്കറ്റ് ഹാൻസ് പിടികൂടി; ലോറി ഡ്രൈവർ അറസ്റ്റിൽ
Tuesday, April 29, 2025 5:55 AM IST
തൃശൂർ: കേരളത്തിലേക്ക് കടത്തിയ വൻതോതിലുള്ള നിരോധിതപുകയില ഉൽപന്നങ്ങൾ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. കേരളത്തിലേക്ക് സ്ഥിരമായി ലഹരി കടത്തുന്ന ലോറിയും 50 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പിടികൂടിയത്.
3,84,436 പാക്കറ്റ് ഹാൻസ് അടക്കമുള്ള പുകയില ഉത്പന്നങ്ങളാണ് ലോറിയിൽ നിന്നും പിടിച്ചെടുത്തത്. മൈദ ചാക്കുകൾക്കിടയിലാണ് പുകയില ഉൽപന്നങ്ങൾ കടത്തിയത്.
സംഭവത്തിൽ ലോറി ഡ്രൈവർ മണ്ണാർക്കാട് സ്വദേശി സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ നിറച്ച് അതിനിടയിൽ പുകയില ഉൽപന്നങ്ങളും കടത്തുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പുറ്റേകരയിൽ നിന്നാണ് പേരാമംഗലം പോലീസും ഡാൻസാഫ് സംഘവും നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.