"തട്ടുപൊളിപ്പൻ' ബാറ്റിംഗുമായി സൂര്യവൻശി ; രാജസ്ഥാന് വിജയ വഴിയിൽ
Monday, April 28, 2025 11:54 PM IST
ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ രാജസ്ഥാന് റോയൽസിന് തകർപ്പൻ ജയം. 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം രാജസ്ഥാൻ 15.5 ഓവറിൽ എട്ടുവിക്കറ്റ് കൈയിലിരിക്കെ മറികടന്നു. 14കാരൻ വൈഭവ് സൂര്യവൻശിയുടെ വെടിക്കെട്ട് സെഞ്ചുറിയാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്.
സ്കോർ: ഗുജറാത്ത് 209/4, രാജസ്ഥാൻ 212/2 (15.5). വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച വൈഭവ് സൂര്യവൻശിയാണ് രാജസ്ഥാന്റെ വിജയശില്‍പ്പി. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച താരം 35 പന്തില്‍ സെഞ്ചുറിയും നേടി. സീസണിലെ അതിവേഗ അര്‍ധസെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്.
101 റണ്‍സെടുത്ത വൈഭവിനെ പ്രസീദ് കൃഷ്ണ പുറത്താക്കി. ഏഴു ബൗണ്ടറികളും 11 സിക്സറുകളുമാണ് വൈഭവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വൈഭവ് മടങ്ങിയതിന് പിന്നാലെ നിതീഷ് റാണയെ റാഷിദ് ഖാൻ മടക്കി. ഇതോടെ ക്രീസിലെത്തിയ നായകൻ റിയാൻ പരാഗ് രാജസ്ഥാന്റെ സ്കോറിംഗിന് വേഗം കൂട്ടി.
15 പന്തുകളിൽ നിന്ന് 32 റൺസുമായി പരാഗും 40 പന്തിൽ നിന്ന് 70 റൺസുമായി ജയ്സ്വളും പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാലു വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് നേടിയത്. ഗുജറാത്തിന് വേണ്ടി നായകൻ ശുഭ്മാൻ ഗില്ലും (84) ജോസ് ബട്ലറും (50) അർധസെഞ്ചുറി നേടി.
രാജസ്ഥാന് റോയല്‍സിന് വേണ്ടി മഹീഷ് തീക്ഷണ രണ്ടും ജോഫ്ര ആര്‍ച്ചറും സന്ദീപ് ശര്‍മ്മയും ഓരോ വിക്കറ്റും വീഴ്ത്തി. 38 പന്തിൽ 101 റൺസ് നേടിയ വൈഭവ് സൂര്യവൻശിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.