കഞ്ചാവ് കേസിൽ ജാമ്യം; റാപ്പര്‍ വേടൻ വനം വകുപ്പ് കസ്റ്റഡിയിൽ
Monday, April 28, 2025 11:20 PM IST
കൊച്ചി: കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടന് ജാമ്യം. എന്നാൽ പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ ഇയാളെ വനംവകുപ്പിന് കൈമാറി. കൂടുതൽ അന്വേഷണങ്ങൾക്കായി വേടനെ കോടനാട്ടേക്ക് കൊണ്ടുപോയി.
തന്നെ ആരും കുടുക്കിയതല്ലെന്നും കേസുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും വേടൻ പറഞ്ഞു. അതേസമയം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനെ ജാമ്യത്തിൽ വിട്ട പോലീസ് വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ തത്കാലം കേസെടുക്കില്ല.
ജാമ്യം ലഭിക്കുന്നതും അല്ലാത്തതുമായ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുലിപ്പല്ല് തായ്ലന്ഡില് നിന്നും വാങ്ങിയതാണെന്ന് ആദ്യം മൊഴി നൽകിയ റാപ്പര്‍ വേടൻ പിന്നീട് മാറ്റിപ്പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകന് സമ്മാനിച്ചതാണെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വനംവകുപ്പ്.