തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കു കള്ളപ്പണം ഒഴുകുന്നു
Monday, April 28, 2025 9:56 PM IST
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് ട്രെയിൻമാർഗം കള്ളപ്പണം കടത്തുന്നത് വ്യാപകമാക്കുന്നു. ചെങ്കോട്ട, പുനലൂർ വഴി സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് പണം കള്ളക്കടത്ത് തുടർക്കഥയാകുന്നത്.
പണവുമായി നിരവധി പേരെ പിടികൂടിയെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആർപിഎഫും റെയിൽവേ പോലീസും ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 1.08 കോടി രൂപയുടെ കള്ളപ്പണമാണ് പുനലൂരിൽ മാത്രം പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ ചെന്നൈ എഗ്മോര്‍ - കൊല്ലംഎക്സ്പ്രസിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 34.62 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവത്തില്‍ തമിഴ്നാട് തെങ്കാശി കടയനല്ലൂര്‍ സ്വദേശി അബ്ദുല്‍ അസീസ് (46), വിരുദുനഗര്‍ സ്വദേശിയും കൊല്ലം ബീച്ച് റോഡില്‍ താമസക്കാരനുമായ ബാലാജി (46)എന്നിവരെ കസ്റ്റഡിയിലെടുത്തു.
പുനലൂര്‍ റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാര്‍, റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്)യുടെ പുനലൂര്‍ എഎസ്ഐ തില്ലൈ നടരാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അബ്ദുല്‍ അസീസിന്റെ പക്കല്‍ നിന്നാണ് ആദ്യം പണം കണ്ടെടുത്തത്.
ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തുന്നതിനിടെ ശരീരത്തോട് ചേര്‍ത്തു കെട്ടിയനിലയിലുള്ള തുണിസഞ്ചിയിലും കാരി ബാഗിലുമായി സൂക്ഷിച്ചിരുന്ന 30.62 ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്ലീപ്പര്‍ ക്ലാസില്‍ പരിശോധിക്കുമ്പോഴാണ് ബാലാജിയില്‍ നിന്നും നാലുലക്ഷം രൂപ കണ്ടെടുത്തത്.
ഉറവിടം വെളിപ്പെടുത്താനോ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ ഇവര്‍ക്ക് കഴിഞ്ഞില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരവും നല്‍കിയില്ല. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗത്തിന് വിവരം കൈമാറിയിട്ടുണ്ടെന്നും പണം കോടതിയില്‍ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റുമെന്നും റെയില്‍വേ പോലീസ് എസ്എച്ച്ഒ പറഞ്ഞു.
ഇക്കഴിഞ്ഞ12ന് ഇതേ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 16.56 ലക്ഷം രൂപ പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെയാണ് രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും കള്ളപ്പണം പിടിച്ചെടുക്കുന്നത്. ഇതിന്റെ ഉറവിടം സംബന്ധിച്ചോ, ആര്‍ക്കുവേണ്ടിയാണ് പണം കൊണ്ടുവരുന്നതെന്നത് സംബന്ധിച്ചോ വിവരം ലഭിച്ചിട്ടില്ല.
കള്ളപ്പണത്തിനു പുറമേ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും തമിഴ്നാട്ടില്‍ നിന്നും നിര്‍ബാധം അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.