ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിനും ശ്രീനാഥിനും സൗമ്യക്കും പങ്കില്ലെന്ന് എക്സൈസ്
Monday, April 28, 2025 9:41 PM IST
കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ.സൗമ്യ എന്നിവർക്ക് ബന്ധമില്ലെന്ന് എക്സൈസ്. നിലവിൽ ആർക്കെതിരെയും തെളിവുകൾ ലഭിച്ചിട്ടില്ല.
വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്.അശോക് കുമാർ പറഞ്ഞു. ഈ കേസിൽ നേരത്തെ പിടിക്കപ്പെട്ട തസ്ലിമയുമായുള്ള സാന്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് മൂവരെയും വിളിപ്പിച്ചത്.
കുറച്ച് കാര്യങ്ങളിൽ വ്യക്തത വന്നിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം ഘട്ടത്തിൽ സിനിമാ മേഖലയിൽ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
നിലവിലുള്ള അന്വേഷണത്തിൽ എന്തെങ്കിലും സൂചന ലഭിച്ചാൽ ഇപ്പോൾ വിട്ടയച്ച ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.