ബിജെപി പ്രതിഷേധം; സിദ്ധരാമയ്യ പോലീസ് ഉദ്യോഗസ്ഥനു നേരെ കൈയോങ്ങി
Monday, April 28, 2025 9:18 PM IST
ബംഗളൂരു: പൊതുവേദിയിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനു നേരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൈയോങ്ങി. സിദ്ധരാമയ്യ പ്രസംഗിക്കാൻ തുടങ്ങുന്നതിന് മുമ്പ് വേദിക്ക് സമീപത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.
ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു. ഇതോടെയാണ് സ്ഥലത്തെ ക്രമസമാധാന ചുമതലയുള്ള എഎസ്പി നാരായൺ ഭരാമണിയെ സിദ്ധരാമയ്യ അടുത്തേക്ക് വിളിച്ചത്.
ഇതെന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച സിദ്ധരാമയ്യ എഎസ്പിയെ അടിക്കാൻ കൈയോങ്ങുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ തടയുകയായിരുന്നു.