പൂരം വരവായ്... ഇനി കാത്തിരിപ്പിന്റെ കൗണ്ട് ഡൗണ്; ബുധനാഴ്ച കൊടിയേറ്റ്
Monday, April 28, 2025 8:09 PM IST
തൃശൂർ: വീണ്ടും ഒരു പൂരക്കാലമെത്തി. തൃശൂർ പൂരക്കാഴ്ചകളിലേക്ക് ജാലകം തുറക്കാൻ കാത്തിരിക്കുകയാണ്. സ്വരാജ് റൗണ്ടിൽ പൂരത്തിന്റെ വരവറിയിച്ച് പൂമരങ്ങൾ പൂക്കുകയും മൂന്നിടങ്ങളിൽ നിലപ്പന്തലുകളുടെ പണികൾ തുടങ്ങുകയും ചെയ്തു.
ഇനിയുള്ള നിമിഷങ്ങളും ദിവസങ്ങളും പൂരത്തിന്റേതാണ്. എല്ലാ വർഷവും പൂരമുണ്ടെങ്കിലും ഓരോ വർഷത്തെ പൂരവും തൃശൂർക്കാർക്ക് ആദ്യത്തെ പൂരം പോലെയാണ്. പൂരത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് പൂരത്തേക്കാൾ ആവേശമെന്ന് പറയാറുണ്ട്.
മേയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം. ബുധനാഴ്ച പൂരത്തിന് കൊടിയേറും. പ്രധാന പങ്കാളികളായ തിരുവന്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾക്കു പുറമേ എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ കഴിഞ്ഞാൽ പൂരം കൊടിയേറും.
മേയ് നാലിനാണ് സാന്പിൾ വെടിക്കെട്ട്. പൂരം വെടിക്കെട്ടുപോലെതന്നെ ജനസാഗരം തിങ്ങിനിറയുന്ന സാന്പിൾ വെടിക്കെട്ട് കാണാനെത്തുന്നവർക്ക് കണ്ണിനു വിരുന്നൊരുക്കി ആനച്ചമയപ്രദർശനങ്ങളും പന്തൽക്കാഴ്ചകളുമുണ്ടാകും.
പൂരം വൈബൊരു വൈബാണ്
പൂരം എക്സിബിഷന്റെ കാൽനാട്ടലോടെതന്നെ തൃശൂരിൽ പൂരാവേശത്തിന് തിരികൊളുത്തും. പൂരം എക്സിബിഷനാണ് പൂരത്തിന്റെ മറ്റൊരു വിളംബരം. പൂരം എക്സിബിഷന് പ്രവേശനം തുടങ്ങുന്നതോടെ തൃശൂരിൽ തിരക്കായി.
സ്വരാജ് റൗണ്ടിലേക്ക് കയറി കുറച്ചു കഴിഞ്ഞാൽ പൂരം എക്സിബിഷന്റെ അനൗണ്സ്മെന്റ് കേൾക്കാം. സന്ധ്യമയങ്ങുന്നതോടെ എക്സിബിഷൻ ഗ്രൗണ്ട് വൈദ്യുതലങ്കാരങ്ങളിൽ നിറയും. ശരിക്കും ഒരു മായാലോകം.
പന്തൽ പണിക്ക് തുടക്കം മുതൽക്കേ മാർക്കിടുന്ന പൂരപ്രേമികളുണ്ട്. തിരുവന്പാടി വിഭാഗം നായ്ക്കനാലിലും നടുവിലാലിലും പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലുമാണ് പന്തലുകൾ ഉയർത്തുന്നത്. സാന്പിൾ വെടിക്കെട്ടിനുകൂടി മാർക്കിട്ടാൽ പിറ്റേന്ന് പൂരം തുടങ്ങുകയാണ്. 36 മണിക്കൂർ നീളും പൂരം.