ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രം: സിബി മലയില്‍
Monday, April 28, 2025 7:57 PM IST
കൊച്ചി: ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍. ഒരു ലഹരിയും ഇല്ലാതെ 25 ദിവസത്തില്‍ കിരീടം പോലൊരു സിനിമ ചിത്രീകരിച്ച ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ഫ്ലാറ്റില്‍നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകൻ ഖാലിദ് റഹ്മാനെയും അഷറഫ് ഹംസയേയും പിടികൂടിയത് നടക്കുമുണ്ടാക്കി. ക്രിയാത്മക ജോലികള്‍ക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ത്തത്. എങ്കിലും നിയമാനുസൃതമായ നടപടികളില്‍ ഒരു എതിര്‍പ്പും ഇല്ലെന്ന് സിബി മലയില്‍ പറഞ്ഞു.
അറസ്റ്റിലായ സംവിധായകര്‍ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും ഫെഫ്ക കഴിഞ്ഞ ദിവസം സംഘടനയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷണ പുരോഗതി അറിഞ്ഞശേഷം തുടര്‍ നടപടി സ്വീകരിക്കും. ലഹരിയില്‍ വലുപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് സിബി മലയില്‍ നേരത്തെ അറിയിച്ചിരുന്നു.