പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം സമർപ്പിച്ചു
Monday, April 28, 2025 7:16 PM IST
കോട്ടയം: തട്ടുകടയിലുണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് തട്ടുകടയിലുണ്ടായ സംഘർഷത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദ് കൊല്ലപ്പെട്ട കേസിലാണ് ഏറ്റുമാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജാണ് പ്രതി. 64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും അടക്കമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപത്തുവച്ചായിരുന്നു സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദ് ഭക്ഷണം കഴിക്കുന്നതിനായിട്ടാണ് തട്ടുകടയിൽ കയറിയത്. ഇതിനിടെ തട്ടുകടയിൽ സംഘർഷം ഉണ്ടായി. ഇതിന്റെ വീഡിയോ ശ്യാം പ്രസാദ് എടുക്കുന്നതിനിടെയാണ് മർദനമേറ്റത്.
തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.