സംവിധായകർക്ക് കഞ്ചാവ് എത്തിച്ച കൊച്ചി സ്വദേശിക്കായി അന്വേഷണം
Monday, April 28, 2025 7:16 PM IST
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയ കൊച്ചി സ്വദേശിക്കായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക.
കഞ്ചാവ് കണ്ടെടുത്ത ഫ്ലാറ്റിന്റെ ഉടമസ്ഥൻ സംവിധായകനും ഛായഗ്രാഹകനുമായ സമീര്‍ താഹിറിനെ നോട്ടീസ് നല്കി വിളിപ്പിക്കും. പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് ഇന്ന് കോടതിയില്‍ ഹാജരാക്കി.
കേസുമായി ബന്ധപ്പെട്ട് എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ (46), കൊച്ചിയില്‍ താമസിക്കുന്ന ഷാലി മുഹമ്മദ് (35) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിന് സമീപത്തുള്ള പൂര്‍വ ഗ്രാന്‍ഡ് ബെയിലെ ഫ്ലാറ്റില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടോയെയാണ് മൂവരെയും പിടികൂടിയത്.
പ്രതികളില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെടുത്തിരുന്നു. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.
അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാന, ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന് വെള്ളം, ലൗ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചയിതാവുമാണ്.