മേയ്ദിനത്തിൽ വിപുലമായ സമരപരിപാടിയുമായി ആശാ പ്രവർത്തകർ
Monday, April 28, 2025 7:01 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന ആശാ പ്രവർത്തകരുടെ രാപ്പകൽ സമരവുമായി ബന്ധപ്പെട്ട് മേയ്ദിനത്തിൽ തലസ്ഥാനത്ത് വിപുല പരിപാടികൾക്ക് തയാറെടുപ്പ് നടത്തി സമരസമിതി. ഇതിന് വേണ്ടി വിവിധ സന്നദ്ധ സംഘടന പ്രവർത്തകരെയും സാംസ്കാരിക പ്രവർത്തകരെയും അണിനിരത്തിയുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ഐക്യദാർഢ്യ പരിപാടികൾക്ക് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. അടുത്ത മാസം കാസർഗോഡ് നിന്നാരംഭിക്കുന്ന ഐക്യദാർഢ്യ യാത്ര ജൂണിൽ തലസ്ഥാനത്തെത്തിച്ചേരും.
വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണ കുടുതൽ ആർജിച്ച് കൊണ്ട് ശക്തമായ സമരപരിപാടികളാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സമരസമിതി പറഞ്ഞു.
അതേസമയം ഓണറേറിയം വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരവും നിരാഹാര സമരവും നടത്തുന്ന ആശ പ്രവർത്തകരുടെ സമരം അവസാനിപ്പിക്കാൻ നിലവിൽ സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ല.