30 അടി താഴ്ചയിലേക്ക് ട്രാവലർ മറിഞ്ഞു; 17 പേർക്ക് പരിക്ക്
Monday, April 28, 2025 5:57 PM IST
ഇടുക്കി: വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് 17 പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലിന് മാങ്കുളം ആനക്കുളത്തുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പ്രദേശവാസികളാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.