"പി.കെ. ശ്രീമതിക്ക് വിലക്ക്': സിപിഎം നേതൃത്വത്തിൽ അഭിപ്രായ ഭിന്നത
Monday, April 28, 2025 4:58 PM IST
കണ്ണൂർ: പി.കെ. ശ്രീമതിയുടെ സെക്രട്ടറിയേറ്റ് സാന്നിധ്യം സംബന്ധിച്ച് സിപിഎമ്മിൽ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിൽ അഭിപ്രായ ഭിന്നത. കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലിയാണ് സിപിഎമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുകയാണ്.
കേന്ദ്ര കമ്മിറ്റി അംഗത്തിന് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാമെന്നാണ് പൊളിറ്റ് ബ്യൂറോയുടെ നിലപാട്. ശ്രീമതിക്ക് കമ്മിറ്റികളില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ശ്രീമതിയെ വിലക്കിയിട്ടില്ലെന്നും സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും ശ്രീമതി പങ്കെടുക്കുമെന്നും ബേബി വ്യക്തമാക്കി.
എന്നാൽ മഹിളാ അസോസിയേഷൻ വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗങ്ങളിൽ മാത്രം പി.കെ. ശ്രീമതിയെ പങ്കെടുപ്പിച്ചാൽ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇതാണ് ഭിന്നതയ്ക്ക് കാരണമാകുന്നത്.
ശ്രീമതി പ്രവർത്തിക്കേണ്ടത് കേന്ദ്രകമ്മിറ്റിയിലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. പ്രായപരിധി ഇളവ് മഹിള അസോസിയേഷന് അഖിലേന്ത്യ നേതാവെന്ന നിലയിലാണ്. ശ്രീമതി സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആയിരുന്നു. എന്നാല്‍ 75 വയസ് പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍നിന്നും സെക്രട്ടറിയേറ്റില്‍നിന്നും ഒഴിവായിയെന്നും ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണെന്നും ഗോവിന്ദന് വിശദീകരിച്ചു. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണ് ശ്രീമതി സംസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടിന് പിന്നിലെന്നും ഗോവിന്ദന് വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പി.കെ. ശ്രീമതിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ സംഘടനാ തീരുമാനങ്ങൾ പാർട്ടി സെക്രട്ടറിയാണ് അറിയിക്കുന്നത്. ഈ മാസം 19-ന് നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നിർദേശം നൽകിയത്.
കേന്ദ്ര കമ്മിറ്റി അംഗത്തെ വിലക്കാൻ സംസ്ഥാന നേതൃത്വത്തിന് അധികാരമില്ലെന്ന് പിബി നിലപാട് വ്യക്തമാക്കുമ്പോൾ സിപിഎമ്മിലെ ആഭ്യന്തര ഭിന്നത രൂക്ഷമാകുകയാണ്.