ഇന്ത്യ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നു; ഫ്രാൻസുമായി 63,000 കോടിയുടെ കാരാറിൽ ഒപ്പിട്ടു
Monday, April 28, 2025 3:17 PM IST
ന്യൂഡൽഹി: റഫാൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു. 26 റഫാൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ. 63,000 കോടിയിലധികം രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്.
ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാൽ-എം വിമാനങ്ങൾ വാങ്ങുന്നതിന് 2025 ഏപ്രിൽ ഒൻപതിന് സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. 22 സിംഗിൾ സീറ്റർ, നാല് ട്വിൻ സീറ്റർ ജെറ്റുകൾ എന്നിവ വാങ്ങാനാണ് അനുമതി നൽകിയത്.
ഫ്ലീറ്റ് അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കൽ പിന്തുണ, വ്യക്തിപരമായ പരിശീലനം, തദ്ദേശീയ ഘടകങ്ങളുടെ നിർമാണം എന്നിവയ്ക്കുള്ള സമഗ്രമായ സ്യൂട്ടും കരാറിന്റെ ഭാഗമാണ്.
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗാണ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയുടെ ഭാഗമായിട്ടാവും നൂതന റഫാൽ-എം യുദ്ധവിമാനങ്ങൾ എത്തിച്ചേരുക. ഇതോടെ ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.