വാരിയെല്ലുകള്‍ തകര്‍ന്നു, തലയ്ക്ക് പരിക്ക്; കാളിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Monday, April 28, 2025 3:01 PM IST
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വയോധികൻ കാളിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നെഞ്ചിനേറ്റ ചവിട്ടിൽ എല്ലാ വാരിയെല്ലുകളും തകർന്നു.
ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . ആന തുമ്പിക്കൈ കൊണ്ട് വലിച്ചെറിഞ്ഞതിനാൽ തലയ്ക്കും പരിക്കുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഞായറാഴ്ചയാണ് കാട്ടാന ആക്രമണത്തിൽ കാളി കൊല്ലപ്പെട്ടത്. ഉൾക്കാട്ടിൽ വിറക് ശേഖരിക്കാൻ പോയ അട്ടപ്പാടി സ്വർണഗദ ഊരിലെ കാളിയും മരുമകൻ വിഷ്ണുവും രണ്ട് കാട്ടാനകൾക്ക് മുന്നിൽപെടുകയായിരുന്നു. വിഷ്ണു ഓടി രക്ഷപ്പെട്ടു. എന്നാൽ കാലിന് അസുഖമുള്ളതിനാൽ ഓടാൻ സാധിക്കാതിരുന്ന കാളിയെ ആന ആക്രമിക്കുകയായിരുന്നു
മൊബൈൽ ഫോണിന് റേഞ്ചില്ലാത്ത മേഖലയായതിനാൽ വിഷ്ണു കാട്ടിൽ നിന്ന് പുറത്തെത്തി നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് ഇവർക്ക് ഉൾക്കാട്ടിൽ എത്താനായത്. കാളിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്.