ബോംബ് സ്ഫോടനം മാലപ്പടക്കമാക്കി; പോലീസിനെതിരെ ശോഭാ സുരേന്ദ്രൻ
Monday, April 28, 2025 2:05 PM IST
തൃശൂർ: തന്റെ വീടിന് മുന്നിൽ നടന്ന ബോംബ് സ്ഫോടനം പോലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പോലീസിനെ അറിയിച്ചതെന്നും വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്നും ശോഭ ആരോപിച്ചു.
ബോംബ് പൊട്ടിയെന്ന് കാണിച്ച് താൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പോലീസ് തനിക്ക് നോട്ടീസ് നൽകുകയോ എന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കം പോലും ആവില്ല. എസിപിക്ക് തന്നോട് കാലങ്ങളായി പ്രത്യേക സ്നേഹമുണ്ടെന്നും ശോഭ പരിഹസിച്ചു.
പൊട്ടിയത് മാലപ്പടക്കമല്ലെന്നും തന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയത് തന്നെയാണെന്നും ശോഭ ആരോപിച്ചു. അതേസമയം ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വശദീകരണം.
പൊട്ടിയത് പടക്കമാണെന്നും നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭയുടെ വീടിന് മുമ്പിൽ പടക്കം പൊട്ടിച്ചതെന്നുമാണ് പോലീസ് കണ്ടെത്തിയത്. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് പോലീസ് യുവാക്കളെ വിട്ടയക്കുകയായിരുന്നു.