ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്: പ്രതി നാരായണദാസ് പിടിയിൽ
Monday, April 28, 2025 1:55 PM IST
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
ഷീലയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു. കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.
നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി.
2023 മാര്‍ച്ച് 27-നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. 72 ദിവസം ഷീലാ സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു.
സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് അന്വേഷണം എക്സൈസിൽ നിന്നു പോലീസിനു കൈമാറിയത്.