പുതിയ മാർപാപ്പ: തെരഞ്ഞെടുപ്പു തീയതി ഇന്നു പ്രഖ്യാപിച്ചേക്കും
Monday, April 28, 2025 12:12 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള സുപ്രധാന കോൺക്ലേവിന്റെ തീയതി ഇന്നു പ്രഖ്യാപിച്ചേക്കും. ഇന്നു നടക്കുന്ന കർദിനാൾമാരുടെ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം. ഇന്ത്യൻ സമയം 12.30നാണ് യോഗം ചേരുക. ഇതിനായി സിസ്റ്റൈൻ ചാപ്പലിൽ ഒരുക്കങ്ങൾ തുടങ്ങി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തില്‍ ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിനുശേഷമാണ് പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുളള നടപടികള്‍ ആരംഭിക്കുന്നത്. പേപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. ഇതിൽ ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണുള്ളത്.
സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽനിന്നു കോണ്‍ക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.