പീഡനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നയാൾ പരാതിക്കാരിയെ വിവാഹം ചെയ്തു
Monday, April 28, 2025 12:33 AM IST
ബെഹ്രംപുർ: ഒഡീഷയിൽ പീഡനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നയാൾ പരാതിക്കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്തു.
പോളസര പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോച്ചബാദി സ്വദേശി സൂര്യകാന്ത് ബെഹ്റയാണ് വിവാഹിതനായത്. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് ഇയാൾ കേസിൽ ഉൾപ്പെട്ടത്.
ഗഞ്ചം ജില്ലയിലെ കൊഡാലയിലെ സബ് ജയിലിൽ വച്ചാണ് പ്രതി പെൺകുട്ടിയെ വിവാഹം ചെയ്തത്. വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിലുള്ള ചില തെറ്റിദ്ധാരണകൾ കാരണം, 22 കാരിയായ പെൺകുട്ടി ബെഹ്റയ്ക്കെതിരെ പീഡന പരാതി നൽകി. തുടർന്ന് അയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സൂര്യകാന്ത് ജയിലിലായിരുന്നുവെങ്കിലും പെൺകുട്ടി ഇയാളെ വിവാഹം ചെയ്യാൻ സമ്മതിക്കുകയായിരുന്നു.
വധൂവരന്മാരുടെ കുടുംബാംഗങ്ങളുടെയും നിരവധി പ്രമുഖരുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ജയിൽ വളപ്പിൽ വിവാഹം നടന്നത്.
ജയിൽ അധികൃതരുടെ അനുമതി ലഭിച്ചതിനു ശേഷം, എല്ലാ നിയമപരമായ വശങ്ങളും പാലിച്ച ശേഷമാണ് ഞങ്ങൾ അവരുടെ വിവാഹ ചടങ്ങുകൾ ഏകോപിപ്പിച്ചതെന്ന് കൊഡാല സബ് ജയിലിലെ ജയിലർ തരിണിസെൻ ദെഹുരി പറഞ്ഞു.
ജയിൽ ഉദ്യോഗസ്ഥർ തന്നെ ഒരുക്കിയ അലങ്കരിച്ച ഇലക്ട്രിക് വാഹനത്തിലാണ് വരൻ വേദിയിലെത്തിയത്. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം വരനെ വീണ്ടും ജയിലിലടച്ചു. അതേസമയം, വധു വീട്ടിലേക്ക് മടങ്ങി.