പി.കെ. ശ്രീമതിക്ക് പിണറായിയുടെ വിലക്ക്
Sunday, April 27, 2025 8:59 AM IST
തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് അസാധാരണ വിലക്കേർപ്പെടുത്തി സിപിഎം കേരളഘടകം. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാനോ സംഘടനാചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്നാണ് നിർദേശം.
സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന സെക്രട്ടറിയറ്റ് യോഗത്തിൽ ശ്രീമതി പങ്കെടുത്തിരുന്നു. യോഗം തുടങ്ങിയപ്പോൾ ഇത് പാടില്ലെന്നും ഇവിടെ നിങ്ങൾക്ക് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്നും ശ്രീമതിയോട് പിണറായി പറഞ്ഞു.
എന്നാൽ ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും സംസാരിച്ചപ്പോൾ യോഗത്തിൽ പങ്കെടുക്കുന്നതിന് വിലക്കൊന്നും അറിയിച്ചിരുന്നില്ലെന്ന് ശ്രീമതി മറുപടി പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ പ്രായപരിധിയിൽ നൽകിയ ഇളവ് കേന്ദ്രകമ്മിറ്റിക്കുമാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മറ്റാരും പ്രതികരിച്ചില്ല. ഇതോടെ വെള്ളിയാഴ്ചത്തെ സെക്രട്ടറിയറ്റ് യോഗത്തിൽ ശ്രീമതി പങ്കെടുത്തില്ല. എന്നാൽ ശനിയാഴ്ച സംസ്ഥാനകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
കേന്ദ്രകമ്മിറ്റിയിൽനിന്ന് പ്രായപരിധികാരണം പുറത്തായവരെ സംസ്ഥാനസമിതിയിൽ ക്ഷണിതാക്കളാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എ.കെ. ബാലനടക്കം ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആ പരിഗണനയിലാണ് ശ്രീമതിക്കും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവസരം നൽകിയത്.
പ്രായപരിധി കർശനമാക്കിയതിനാൽ കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തിൽ പി.കെ. ശ്രീമതി, എ.കെ. ബാലൻ, ആനാവൂർ നാഗപ്പൻ എന്നിവരെ സംസ്ഥാനകമ്മിറ്റിയിൽനിന്നും സെക്രട്ടറിയറ്റിൽനിന്നും ഒഴിവാക്കിയിരുന്നു. പക്ഷേ, പാർട്ടി കോൺഗ്രസ് പി.കെ. ശ്രീമതിക്ക് ഇളവുനൽകി കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, കാഷ്മീരിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർക്കും പാർട്ടികോൺഗ്രസ് പ്രായപരിധിയിൽ ഇളവ് അനുവദിച്ചിരുന്നു.