ഇറാന് തുറമുഖത്തെ സ്ഫോടനം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
Sunday, April 27, 2025 6:42 AM IST
ടെഹ്റാൻ: ഇറാനിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ 14 ആയി. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തിൽ ഇറാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
ടെഹ്റാനിൽ നിന്ന് 1050 കിലോമീറ്റർ അകലെ പേർഷ്യൻ ഗൾഫ് തീരത്തുള്ള ബന്ദാർ അബ്ബാസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന തുറമുഖത്ത് ഇന്നലെ രാവിലെയാണ് സ്ഫോടനമുണ്ടായത്. തുറമുഖത്തുണ്ടായിരുന്ന ഒട്ടേറെ കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോർട്ട്.
കണ്ടെയ്നര്‍ ചരക്കുനീക്കത്തിനുള്ള ഇറാനിലെ ഏറ്റവും വലിയ തുറമുഖമാണിത്. കണ്ടെയ്നറുകള്‍ക്കുള്ളിൽ രാസവസ്തുക്കളുണ്ടായിരുന്നുവെന്നും ഇതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇറാൻ വക്താവ് ഹൊസൈൻ സഫാരി പറഞ്ഞു.
സ്ഫോടനത്തിന് പിന്നാലെ തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.