കോപ്പ ഡെല്‍ റേ; കപ്പുയര്‍ത്തി ബാഴ്സ
Sunday, April 27, 2025 5:54 AM IST
സെവിയ്യ: കോപ്പ ഡെല്‍ റേ എല്‍ ക്ലാസിക്കോ ഫൈനലിൽ കപ്പുയര്‍ത്തി ബാഴ്സ. കലാശപ്പോരിൽ ചിര വൈരികളായ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബാഴ്സ കിരീടം ചൂടിയത്.
ബാഴ്സയ്ക്കായി പെഡ്രിയും ഫെരാൻ ടോറസും യൂള്‍സ് കൂന്റോയും ഗോളുകൾ നേടി. മാഡ്രിഡിനായി എംബാപ്പെയും ഒറേലിയാന്‍ ചുവമെനിയും എതിരാളികളുടെ ഗോൾവല കുലുക്കി. കോപ്പ ഡെൽറെയിൽ ബാഴ്സയുടെ 32-ാം കിരീടമാണിത്.
സെമി ഫൈനലില്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്സലോണ ഫൈനലിലേക്ക് മുന്നേറിയത്. റയല്‍ സോസിഡാഡിനെ മറികടന്നായിരുന്നു റയലിന്റെ ഫൈനല്‍ പ്രവേശം.
കഴിഞ്ഞ രണ്ട് മത്സരത്തിലും ബാഴ്സയോട് തോല്‍വി വഴങ്ങിയിരുന്നു മാഡ്രിഡ്. ഈ സീസണിൽ മൂന്നാം തവണയാണ് ബാഴ്സയ്ക്കു മുന്നിൽ മാഡ്രിഡ് മുട്ടുമടക്കുന്നത്.