ഗുജറാത്തില്‍ വ്യാപക റെയ്ഡ്; 1024 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി
Sunday, April 27, 2025 3:02 AM IST
അഹമ്മദാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഗുജറാത്ത് പോലീസ് രണ്ട് നഗരങ്ങളില്‍ മാത്രം നടത്തിയ റെയ്ഡില്‍ പൂടികൂടിയത് ആയിരത്തിലധികം ബംഗ്ലാദേശ് പൗരന്മാരെ. അഹമ്മദാബാദ്, സൂറത്ത് നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1024 ബംഗ്ലാദേശികളെയാണ് പിടികൂടിയത്.
പിടിയിലായവരില്‍ രണ്ട് ബംഗ്ലാദേശികള്‍ക്ക് അല്‍-ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്ലില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കപ്പെടുന്നതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്തില്‍ താമസിക്കുന്ന എല്ലാ ബംഗ്ലാദേശികള്‍ക്കും പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരെയും നാടുകടത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഓപ്പറേഷനിലൂടെയാണ് ഇത്രയും അനധികൃത വിദേശികളെ പിടികൂടാനായത്. ബംഗ്ലാദേശ് വംശജരായ 890 പേരെ അഹമ്മദാബാദില്‍നിന്നും 134 പേരെ സൂറത്തില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കാഷ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 കൊല്ലപ്പെട്ടത്തിനു പിന്നാലെയാണ് ഗുജറാത്ത് പോലീസിന്റെ നടപടി.