കോൽക്കത്തയിൽ കനത്ത മഴ: കെകെആർ-പഞ്ചാബ് കിംഗ്സ് മത്സരം ഉപേക്ഷിച്ചു
Saturday, April 26, 2025 11:08 PM IST
കോൽക്കത്ത: ഐപിഎല്ലിലെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് കിംഗ്സ് മത്സരം ഉപേക്ഷിച്ചു. മത്സരം നടക്കുന്ന കോൽക്കത്തയിൽ കനത്ത മഴ തുടരുന്നതിനാലാണ് തീരുമാനം.
ഇതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിക്കും. പഞ്ചാബ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കെകെആറിന്റെ ആദ്യ ഇന്നിംഗ്സ് പൂർത്തിയായ സമയത്താണ് മഴ എത്തിയത്. പിന്നീട് മത്സരം വീണ്ടും തുടങ്ങാൻ ആലോചന ഉണ്ടായിരുന്നെങ്കിലും മഴ ശമിക്കാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസ് എടുത്തത്.അര്‍ധ സെഞ്ച്വറികൾ നേടിയ ഓപ്പണര്‍മാരായ പ്രിയാൻഷ് ആര്യയുടെയും പ്രഭ്സിമ്രാൻ സിംഗിന്റെയും ഇന്നിംഗ്സുകളാണ് പഞ്ചാബിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 83 റൺസെടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 49 പന്തിൽ ആറ് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിംഗ്സ്.
69 റൺസാണ് പ്രിയാൻഷ് എടുത്തത്. 35 പന്തിൽ നിന്നാണ് പ്രിയാൻഷ് 69 റൺസെടുത്തത്. എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു പ്രിയാൻഷിന്റെ ഇന്നിംഗ്സ്. നായകൻ ശ്രേയസ് അയ്യർ 25 റൺസെടുത്തു.
കോൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ രണ്ട് വിക്കറ്റെടുത്തു. വരുൺ ചക്രവർത്തിയും ആൻഡ്രെ റസലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.മത്സരം ഉപേക്ഷിച്ചതോടെ കെകെആറിന് ഏഴു പോയിന്റും പഞ്ചാബിന് 11 പോയിന്റും ആയി.